
ഇന്ത്യയുടെ അടുത്ത നീക്കം പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാനെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനുമായി ഇനിയൊരു ചർച്ചയുണ്ടെങ്കിൽ അത് പിഒകെയെ കുറിച്ചായിരിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ഭീകരതയും ചർച്ചകളും ഒരുമിച്ച് പോകില്ല, ഭീകരതയും വ്യാപാരവും ഒരുമിച്ച് പോകില്ല, വെള്ളവും രക്തവും ഒരുമിച്ച് പോകില്ല. പാകിസ്ഥാനുമായി ചർച്ചകളുണ്ടെങ്കിൽ അത് ഭീകരരെ കുറിച്ചായിരിക്കും. പാകിസ്ഥാനുമായി ചർച്ചകളുണ്ടെങ്കിൽ അത് പിഒകെയെ കുറിച്ചായിരിക്കും. പാക്കിസ്ഥാൻ സൈന്യവും സർക്കാരും ഭീകരരെ വളർത്തുകയാണ്. അത് അവരെ തന്നെ നശിപ്പിക്കും. പാക്കിസ്ഥാൻ അതിജീവിക്കണമെങ്കിൽ അവർ ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കണം. ഭീകരതയും ചർച്ചയും ഒരുമിച്ച് പോകില്ല‘‘ - മോദി പറഞ്ഞു.
ഇന്ത്യ ജാഗ്രത തുടരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാ സേനകളും ജാഗ്രതയിലാണ്. ഒന്നിനും പൂർണ വിരാമമായെന്ന് കരുതരുത്. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ബ്ലാക് മെയ്ലിങ് ഇന്ത്യയിൽ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ്റെ സർക്കാർ സ്പോൺസേർഡ് തീവ്രവാദം അവസാനിപ്പിക്കും. പ്രകോപനത്തിന് മുതിർന്നാൽ തിരിച്ചടിക്കും. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പുതിയ യുദ്ധമുഖം തുറന്നു. ആധുനിക യുദ്ധ ശേഖരം ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യക്ക് ഭീകരവാദത്തോടും യുദ്ധത്തോടും താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











